Wednesday, 18 November 2015

വിഷു





വിഷു
വളരെ സമ്മോഹനമായ ഒരു ആഘോഷം..
സര്‍വാംഗം അണിഞ്ഞൊരുങ്ങി കാമുകനെ കാത്തു നില്‍ക്കുന്ന കന്യകയെ പോലെ
തീ മഞ്ഞ പൂക്കളില്‍ വിടര്‍ന്നു വിലസി നില്‍ക്കുന്ന കൊന്ന മരങ്ങള്‍
എന്റെ പൊന്നലുക്കുകള്‍ കണ്ടോ  ??എങ്ങിനെ ഉണ്ട് ?
ഞാൻ സുന്ദരി അല്ലെ 
എന്നൊക്കെ അവള്‍ നമ്മോടു ചോദിക്കുന്നുണ്ട്..
വിഷുവിനെ കുറിച്ച് ഏറ്റവും ദീപ്തമായ ഓര്മ
വിഷു പ്പുലരിയിൽ രാവിലെ നാലു മണിക്ക്
അമ്മയുടെ പരു പരുത്ത വിരലുകള്‍ കണ്ണുകള്‍ മൂടി പടിഞ്ഞാറേ മുറിയില്‍ നിന്നും ഉമ്മറത്തേക്കുള്ള നടപ്പാണ്..
അമ്മ എന്നെ തൊടുന്നത് അപൂര്‍വ്വം ആണ്..
അമ്മയുടെ വിരലുകള്‍ക്ക് തലേന്ന് കുപ്പിയിലാക്കിയ അച്ചാറിന്റെയും,മുല്ലപൂവിന്റെയും ഒരു സമ്മിശ്ര ഗന്ധം ആണ്.
മനസ് കിടന്നു വെമ്പുകയാണ് ഇറയത്തെ വര്‍ണ പ്രപഞ്ചം കാണാന്‍.
.രാത്രി കണി  വിളക്കില്‍ ഒരെണ്ണത്തിൽ ഒരു തിരിയിട്ടു  ഒന്ന് കത്തിച്ചു കെടുത്തി വൈക്കും..
അത് പോരല്ലോ
രാവിലെ  എല്ലാ നില വിളക്കും തേച്ചു മിനുക്കി തിരിയിട്ടു കത്തിച്ചു വച്ചേക്കും..
കൃഷ്ണന്റെ മുഖം ഉള്ള ഒരു ഫോട്ടോ,
പഴുത്ത മനോഹരമായ ഒരു ചുവന്ന വെള്ളരിക്ക

കണി വെയ്ക്കാന്‍ ഉള്ള വെള്ളരിക്ക നമ്മള്‍ നേരത്തെ കണ്ടു വച്ചിടുണ്ടാവും..
നന്നായി പഴുത്ത ഒരു കൊച്ചു വെള്ളരിക്കയാണ് വേണ്ടത്..
അതില്‍ കണ്‍മഷി  കൊണ്ട് കണ്ണും മൂക്കും എല്ലാം വരച്ചു.
ചെവിയുടെ ഭാഗത്ത് രണ്ടു ഈര്‍ക്കില്‍ കഷണം കുത്തി അതില്‍ ഒരു കമ്മലും ജിമുക്കിയും ഇട്ടു..
പിന്നെ കഴുത്തിന്റെ ഭാഗത്ത്തു രണ്ടു ഈര്‍ക്കില്‍ കുത്തി മാ ലകളും,ഇടുവിച്ചു,അമ്മയുടെ കസവു നേര്യതിന്റെ സ്വര്ന്ന ഭാഗം മാത്രം ചുരുക്കാകി തല വഴി  ഒരു തൊപ്പിയും ഇട്ടു നവ വധുവിനെ പോലെ 
വെള്ളരി പെണ്ണ് അങ്ങിനെ സുന്ദരിയായി ഇരിക്കുകയാവും..

വലിയ ഉരുളി നിറയെ പഴുത്ത മാമ്പഴം,
ചുവന്ന ചെത്തി പൂവ്,
നല്ല കൊന്ന പൂക്കള്‍ ..
മൊട്ടുകൾ കനത്തിൽ ചേര്‍ത്തു കെട്ടിയ മുല്ല പ്പൂ മാല..
വീട്ടിലെ മുല്ലയില്‍ നിന്നും  പറിച്ചു കോര്‍ത്തത്
അതിന്റെ ഹൃദ്യ സുഗന്ധം മുറി മുഴുവന്‍ പരന്നിരിക്കും..
കുറെ മുല്ല മൊട്ടുകള്‍ വെറുതെ ഇട്ടിരിക്കും..
വലിയ ഒരു ഓട്ടു ഉരുളിയാണ് കണി വൈക്കാൻ എടുക്കുന്നത് 
തലേന്നത് പുളിയും ചാരവും ഇട്ടു തേച്ചു തേച്ചു വെളുപ്പിചിട്ടുണ്ടാവും
നവ ധാന്യങ്ങള്‍
എല്ലാം അടുക്കിയിരിക്കും
അമ്മയുടെ കസവ് നേരിയതു മടക്കി കസവ് പുറമേ കാണുന്ന വിധം ചുറ്റി ഒതുക്കി കൃഷ്ണന്റെ ഫോട്ടോയുടെ ചുറ്റും വച്ചിരിക്കും..
കൃഷ്ണന് ഒരു സ്വര്‍ണ തലേ കേട്ട് .
അമ്മ എന്റെ കണ്ണ് മുറുകെ അടച്ചു പിടിചിടുണ്ടാവും..
കനിയുടെ മുന്‍പില്‍ കൊണ്ട് പോയി നിര്‍ത്തിയിട്ടു കണ്ണിലെ കയ്യെടുക്കും
അനേകം വിളക്കുകളുടെ , നെയ്‌ ത്തിരികളുടെ പ്രഭയില്‍ ഒരു വര്‍ണ പ്രപഞ്ചം തന്നെ മുന്‍പില്‍
കണ്ടാലും കണ്ടാലും മതി വരില്ലാ..
വലിയ ഒരു കൂട്ട് കുടുമ്പം ആണ് ഞങ്ങളുടേത് ..ഓരോ മുറിയിലും ഒരു കുടുമ്പം ഉണ്ടാകും
 അച്ഛനും അമ്മയും കൂടി അവരുടെ മക്കളെ കണ്ണ് തുറക്കാതെ പുറത്തു കൊണ്ട് വന്നു കണി കാണിക്കാൻ ഉള്ള ശ്രേമങ്ങള്‍ കേള്‍ക്കാം..
അച്ഛാ ..അമ്മ എന്റെ കണ്ണ് കുത്തി പൊട്ടിച്ചെന്നാ തോന്നുന്നേ..
എനിക്കിപ്പോ പോയി കണി കാണണം..ഞാൻ ഒന്നും തട്ടി കളയില്ല
എന്നെല്ലാം കേള്‍ക്കാം
എല്ലാവരും വന്നു കണി കണ്ടു കഴിഞ്ഞാൽ പിന്നെ കനിയുടെ ഉരുളി ചുവന്നു ഒരു പുരുഷനും മുന്നില് നിലവിലക്കുക്ലുമായി ഞാൻ സ്ത്രീകളും പിള്ളേരും പുറത്തു ഇറങ്ങും മാവും പ്ലാവും കണി കാണേ തെങ്ങും കവുങ്ങും കണി കാണേ  പോത്തും പശുവു കണി കാണേ.പട്ടീ പൂച്ച കണി കാണേ..എന്നിങ്ങനെ സകല ജന്തുക്കെയും മരങ്ങളെയും രാവിലെ തന്നെ കൊണ്ട് പോയി കണി കാണിക്കും..
അന്നതിന്റെ ആവശ്യം മനസിലായില്ലെങ്കിലും പിന്നീട് വലിയ പരിസ്ഥിതി പ്രേമി ആയപ്പോൾ ആ ഗ്രാമീണ ചടങ്ങിന്റെ അന്തസ്സത്ത മനസിലായി 
പറമ്പിലെ മരങ്ങളെയും തൊഴുത്തിലെ പശുവിനേയും തുല്യമായി സഹ ജീവി എന്ന് കരുതി ആദരിച്ച ഒരു ശുദ്ധ ഗ്രാമീണത.നമുക്കെന്നോ കൈ മോശം വന്നു പോയി ക്കഴിഞ്ഞു എന്നതാണ് വാസ്തവം 
കണി ഉമ്മറത്തു തിരികെ വച്ച് കഴിഞ്ഞാൽ  
പിന്നെ അമ്മയുടെ കൈനീട്ടം കൊടുക്കല്‍ ആണ്..
ഓരോരുത്തര്‍ക്കും അവരുടെ ഗ്രേഡ് അനുസരിച്ചാണ്..
എനിക്ക് അത് വെറും ഒരു രൂപ ആയിരുന്നു
കൂടെ അമ്മ ഒരു സ്വര്‍ണ നാണയവും തരും..
അത് തിരിച്ചു കൊടുക്കണം..
ഒരു പിടി ധാന്യങ്ങളും,ഒരു പിടി പൂവും അതില്‍ ഒരു സ്വര്‍ണ നാണയവും ,ഒരു ഒറ്റ രൂപാ തുട്ടും
തുട്ടു എടുത്തു ബാക്കി എല്ലാം തിരികെ കൊടുക്കണം
ചേട്ടന്മാരും ചേച്ചിമാരും എല്ലാം വിഷു കൈ നീട്ടം തരും..
അത് പിന്നത്തെ കൊല്ലത്തേക്കുള്ള ഒരു കരുതല്‍ ധനം ആണ്
കൊണ്ട് പോയി മേശയിൽ സൂക്ഷിച്ചു വയ്ക്കും
അപ്പോഴേക്കും കുട്ടികള്‍ പടക്കം പൊട്ടിക്കാന്‍ ഉള്ള ശ്രേമം ആയി..
മുറ്റത്തെ കൂവളത്തില്‍ ഒരു മാല പ്പടക്കം കെട്ടി തൂക്കി അത് പൊട്ടിച്ചാ ണ്  തുടക്കം 

ഞങ്ങള്‍ ഉണർന്നെടാ ,,
ചുണ ഉണ്ടെങ്കില്‍ പോരിനു വാടാ
എന്നാ അയല്‍വക്കത്തെ കുട്ടികളോടുള്ള ഒരു പോര്‍ വിളിയാണ്..ആ മാല പ്പടക്കം 
ആണുങ്ങള്‍ എല്ലാം ഗുണ്ട് ,അമിട്ട് വാണം തുടങ്ങിയ അന്താരാഷ്ട്ര യുദ്ധ സന്നാഹങ്ങളും ആയി പാടത്തേക്കും,
ഏറു പടക്കം,കമ്പിത്തിരി,പൂത്തിരി ,ചക്രം തുടങ്ങി ലഘു ആയുധങ്ങളുമായി ഞങ്ങള്‍ പെണ്ണുങ്ങള്‍ വീട്ടു മുറ്റത്തും ഇറങ്ങും 
കുരവ പ്പൂ  കത്തിക്കുന്നതിന് മുന്‍പ് എല്ലാവരെയും വിളിക്കും..
പാടത്തെ ചേട്ടന്മാര്‍ക്ക് കൂടി കാണണം അല്ലോ
കുഴിഞ്ഞ കവിടി പിഞ്ഞാണത്തില്‍ ആണ് ചക്രം കത്തിക്കുക..
നിലത്തു കത്തിച്ചാല്‍ അത് മുഴുവന്‍ കത്തിയില്ല എന്ന് വരും
കവിടി പാത്രത്തില്‍ കിടന്നു ചക്രം കറങ്ങുന്നതിന്റെ ഭംഗി അപാരം തന്നെ
എല്ലാവരും പടക്ക ഭ്രാന്തന്മാര്‍ ആയതിനാല്‍..
ഒരോം ചേട്ടനും ചേച്ചിയും നല്ല ഒരു തുക മുടക്കി ഒരു പടക്കപ്പൊ തിയുമായെ വിഷുവിനു വീട്ടിൽ വരൂ..
വളരെ അഭിമാനത്തോടെയാണ് ആ പൊതി പുറത്തെടുക്കുക,..
ഞാന്‍ മേടിച്ചായിരുന്നല്ലോട
പിന്നെ നീയെന്തിനാമേടിച്ചേ എന്ന് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മര്യാദ പറയും..എങ്കിലും..
ഇത് കൊണ്ട് നേരം വെളുക്കും വരെ കത്തിക്കാന്‍ തികയുമോ എന്നാവും എല്ലാവർക്കും എന്നിട്ടും ഉള്ളില്‍ ശങ്ക
ഭാനു ഒരു ആയിരം രൂപ പൊടിചിടുണ്ടാവും,ഭ്രാന്തന്‍,
അവനു എന്തിന്റെ കേടാ എന്ന് വലിയേട്ടന്‍ ഒട്ടൊരു അഭിമാനത്തോടെ
മൂത്ത ചെടത്തിയമമയോട് പറയും..
എന്നാല്‍ അവന്മാര്‍ കൊണ്ട് വന്നില്ലെങ്കില്‍ മോശമാവുമല്ലോ എന്ന് പറഞ്ഞു തലേന്ന്
അത്രയും തന്നെ തുകക്ക് വാങ്ങി വീട്ടില്‍ കരുതിയിടുണ്ടാവും കാരണവര്‍ എന്നത് സത്യം..
ചേച്ചിമാരും ഇതില്‍ ഒട്ടും മോശമല്ല
അവര്‍ വാങ്ങിയത് തികഞ്ഞില്ലെങ്കിലോ..ഭർത്താക്കന്മാർ  കുടുമ്പത്തെ കുറിച്ച് എന്ത് കരുതും എന്ന വിചാരത്തില്‍
പടക്ക ഭ്രാന്തികളായ അവരും ഒരു വലിയ പൊതി കൊണ്ട് വരും..
എല്ലാം ചൊരിഞ്ഞിട്ടു അടുക്കി പെറുക്കി തരം തിരിച്ചു ഓരോരുത്തരുടെയും വയസിനു ചേര്‍ന്ന രീതിയില്‍ വിതരണം ചെയ്യുക കുഞ്ഞോപ്പയാണ്
ആര്‍ക്കും അപകടം പറ്റാതെ എല്ലാവരുടെയും മേല്‍ കണ്ണ് വച്ച് വീട്ടിലെ പെണ്ണുങ്ങളും ഒപ്പം തന്നെ യുണ്ടാവും..
കുട്ടികളുടെ ആവേശ തിമിര്‍പ്പില്‍ അവര്‍ ഒന്നും കത്തിക്കാന്‍ മിനക്കെടില്ല..
ഏറു പടക്കം എറിയാന്‍ കുട്ടികളെ പരിശീലിപ്പിക്കുക വലിയ കളി ആണ്
ആദ്യം കുഞ്ഞി കയ്യില്‍ പടക്കം പിടിച്ചു ആഞ്ഞിലി തിരിയുടെ അറ്റം കത്തിച്ചു അതില്‍ മുട്ടിച്ചു എറിയാന്‍ ശീലിപ്പിക്കും
അച്ഛന്‍ ചേര്‍ത്തു പിടിചിടുണ്ടാവും
അവനെ കൊണ്ട് എറിയിക്കും
നാലഞ്ചു പടക്കം എറിഞ്ഞു കഴിഞ്ഞാൽ അങ്ങിനെ അങ്ങിനെ അച്ഛന്റെ മടിയില്‍ വച്ച് എറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവന്‍ ബിരുദം എടുത്തു..
പിന്നെ പതുക്കെ ഓരോന്നായി കത്തിച്ചു ,വിറയ്ക്കുന്ന വിരല്‍ കൊണ്ട് ആഞ്ഞു ഏറിയും
പലതും  കത്താതെ പോയി മുറ്റത്തു വീഴും..
തൃശ്ശൂര്‍ പൂരത്തിലെ വെടിക്കെട്ടുകാരന്റെ ഗമയില്‍ പിന്നെ അവന്‍ പടക്കം വലിച്ചെറിഞ്ഞു തുടങ്ങും..
പകുതിയേ കത്തിയിട്ടുണ്ടാവൂ
എങ്കിലും ഒരു ചെറുക്കനെ ധീരനാക്കിയതിന്റെ ഗമയുമായി അച്ഛനും..എന്റെ മോൻ മിടുക്കന ആയി എന്ന് കരുതി വെളുക്കെ ചിരിച്ച ഒരമ്മയും..ഞാൻ അച്ഛനെക്കാൾ കേമൻ ആയി എന്ന് കരുതുന്ന ഒരു അഞ്ചു വയസുകാരനും കൂടി അവിടം നിറയ്ക്കും
പൊട്ടാതെ എറിഞ്ഞ പടക്കങ്ങൾ , രാവിലെ ഞങ്ങള്‍ ചെന്ന് പെറുക്കി എടുക്കും
ഒരു മാല പ്പടക്കം. രണ്ടു ഗുണ്ട്..അതങ്ങ് ചെല്ലുമ്പോഴേക്കും പാടത്തിന്റെ മറു കരയില്‍ ഉള്ളവര്‍ ഉണര്‍ന്നിരിക്കും
അവിടുന്ന് ഒരു വാണം ഇങ്ങു ചീറി പാഞ്ഞു വരും..
അത്രക്കായോ
എന്നാ മട്ടില്‍ ഇവിടുന്നു ഒരു വാണം അനന്ത വിഹായസ്സിലേക്ക് ഉയരും
അതിനു അനുബന്ധം എന്നാ മട്ടില്‍ ഒരു ഗുണ്ടും കൊടുക്കും ..
കണ്ടോടാ എന്നാ മട്ടില്‍
ഒരു മാസം മുന്‍പേ മലക്കപ്പുറത്തെ കൊല്ലന്മാരുടെ പറമ്പിലെ വിശറി പനയുടെ ഒരു ഓല വെട്ടി വാങ്ങി വാട്ടി ഉണക്കി പടക്കം കെട്ടല്‍ ആരംഭിച്ചിട്ടുണ്ടാവും..
വെടി മരുന്നും തിരിയും ഉണ്ടാക്കി പടക്കം കെട്ടി മച്ചില്‍ സൂക്ഷിക്കും 
വലിയ ഗുണ്ടുകളും,തയ്യല്‍ക്കാരൻ  ദാമുവിന്റെ അടുത്ത് നിന്ന് വാങ്ങിയ നൂലുണ്ടയുടെ കുഴലില്‍ ചെയ്ത സ്വദേശി വാണങ്ങളും ആയി
പിള്ളേര്‍ സെറ്റ് (പത്തിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ളവർ )വിഷുവിനെ കാത്തിരിക്കുകയാവും
അങ്ങോട്ടും ഇങ്ങോട്ടും വാനം കത്തിച്ചും പൂത്തിരി കത്തിച്ചു അയല്ക്കാരെ കാണിച്ചും ഒക്കെ ..ഇരിക്കുമ്പോൾ നേരം വെളുക്കാൻ തുടങ്ങും
തലേന്ന് വൈകി ഉറങ്ങിയതും,രാവിലെ നേരത്തെ ഉണര്‍ന്നതും..
 നേരം വെളുക്കുമ്പോഴേക്കും എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങും 
അങ്ങിനെ 
ഒരു വിഷു ദിനം ആരംഭിക്കുകയായി
ആ പത്തു വയസുകാരിയുടെ നിഷ്കളങ്കത നിറഞ്ഞ
 സ്വപ്നം കാണുന്ന മിഴികൾ   എന്റേത് തന്നെയാണോ 
അറിയില്ല 

തെളിച്ചവും,
പ്രകാശവും 
സന്തോഷവും,
കാത്തിരിപ്പും..
ഒത്തിരി ഒത്തിരി പ്രതീക്ഷകളും ആയി
ഇതാ ഒരു വിഷു കൂടി വരുന്നു
വിഷു ആശംസകൾ

No comments:

Post a Comment